ന്യൂഡൽഹി: രാജ്യത്തു പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അവതരിപ്പിക്കാനുള്ള നിർദേശം പരിഗണനയിലാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
ഈ ആശയം പ്രാഥമികഘട്ടത്തിലാണെന്നും ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടിലെന്നും മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് കറൻസി നോട്ടുകൾ മാർക്കറ്റിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട ഗുണദോഷങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ഉപയോഗിക്കുന്ന പേപ്പർ കറൻസി അച്ചടിക്കുന്നതിനുള്ള ചെലവ് വർധിച്ചതുൾപ്പെടെയുള്ള പ്രതിസന്ധി മുന്നിൽക്കണ്ടാണ് പ്ലാസ്റ്റിക് കറൻസി പുറത്തിറക്കാൻ ആർബിഐ നീക്കം നടത്തിയത്. 2014 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ഇക്കാര്യം പാർലമെന്റിനെ അറിയിച്ചിരുന്നു.
കൊച്ചി, മൈസൂരു, ജയ്പുർ, ഷിംല, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പത്തു രൂപയുടെ നോട്ടുകൾ പുറത്തിറക്കാനായിരുന്നു പദ്ധതി.
എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉയർന്നതോടെ പദ്ധതി സ്തംഭനാവസ്ഥയിലായി. പിന്നീട് ഇപ്പോഴാണ് പ്ലാസ്റ്റിക് കറൻസികൾ സംബന്ധിച്ച നീക്കത്തെക്കുറിച്ച് ആർബിഐയുടെ ഭാഗത്തുനിന്ന് പ്രതികരണം വരുന്നത്.